മലപ്പുറം:പലതുള്ളി പെരുവെള്ളം എന്ന പഴഞ്ചൊല്ല് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. ഒരു രൂപ നാണയത്തുട്ടുകളില്‍ നിന്ന് തുടങ്ങി 20 രൂപയുടെ പുതിയ നോട്ടുകള്‍ മാത്രം ശേഖരിച്ചുവെച്ച് മലപ്പുറത്തെ ഒരു ഒന്‍പതുവയസുകാരി ശേഖരിച്ചത് ഒരുലക്ഷത്തിലധികം രൂപയാണ്. കുട്ടികളില്‍ മാത്രമല്ല,ജോലിയുള്ള മുതിര്‍ന്നവരില്‍ വരെ സമ്പാദ്യശീലം കുറഞ്ഞ് വരുന്ന കാലത്താണ് ഉപ്പ ഓട്ടോ ഓടിച്ചു കിട്ടുന്നതില്‍ നിന്ന് 20 രൂപ മാത്രം ശേഖരിച്ച് നാലാം ക്ലാസുകാരി ഫാത്തിമ നഷ്‍വ ഒരു ലക്ഷത്തി മൂവായിരം രൂപ ശേഖരിച്ചത്. മലപ്പുറം തുവ്വൂർ സ്വദേശിനിയായ ഇബ്രാഹിമിന്‍റെ മകളാണ് ഫാത്തിമ നഷ്‍വ.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
മൂന്നാം വയസുമുതലാണ് ഫാത്തിമ നഷ്‍വ ആദ്യമായി സമ്പാദ്യ ശീലം തുടങ്ങിയത്. ഒരു രൂപയും രണ്ടു രൂപയുടെയും നാണയത്തുട്ടുകളായിരുന്നു ആദ്യം ശേഖരിച്ചുവെച്ചിരുന്നത്. പിന്നീടത് 10 രൂപ നോട്ടിലേക്ക് മാറി. രണ്ടരവര്‍ഷം മുന്‍പാണ് പുതിയ 20 രൂപയുടെ നോട്ടുകള്‍ മാത്രം ശേഖരിച്ചു തുടങ്ങിയത്. എന്നും ഉപ്പ ഓട്ടോറിക്ഷ ഓടിച്ച് വരുന്ന സമയത്ത് പഴ്സില്‍ നിന്ന് പുതിയ 20 രൂപയുടെ നോട്ടുകള്‍ മാത്രം എടുത്തുവെക്കും.ആയിരം രൂപയാകുന്ന സമയത്ത് അത് റബ്ബര്‍ ബാന്‍റിട്ട് വെക്കുമെന്ന് നഷ്‍വയുടെ ഉപ്പ ഇബ്രാഹിം പറയുന്നു.
ഇപ്പോഴത് ഒരു ലക്ഷം രൂപ കടന്നു. ഈ പണം കൊണ്ട് എന്താണ് വാങ്ങാന്‍ പോകുന്നതെന്ന് ചോദിച്ചാല്‍ സംശയമില്ലാതെ നഷ്‍വ പറയും..’വീടുപണിക്കായി ഉമ്മയുടെ സ്വര്‍ണം ബാങ്കില്‍ വെച്ചിട്ടുണ്ട്. അത് എടുക്കണം.അതിന് ഈ പണം ഉപയോഗിക്കണം…’. ഉപ്പയുടെയും ഉമ്മയുടെയും കഷ്ടപ്പാടുകള്‍ കണ്ടാണ് കുഞ്ഞുമനസില്‍ ഇങ്ങനെയൊരു ചിന്ത വന്നത്. മാത്രവുമല്ല,3000 രൂപ മരണപ്പെട്ട പോയ കണ്ണേട്ടന്റെ കുടുംബത്തിന് നല്‍കുമെന്നും നഷ്‍വ പറയുന്നു.
ചായകുടിച്ചോ അല്ലാതെയോ കളയുന്ന ചെറിയ തുകകളാണ് മകള്‍ സമ്പാദിച്ചുവെച്ചതെന്ന് അഭിമാനത്തോടെ ഇബ്രാഹിം പറയുന്നു. തനിക്കൊരിക്കലും ഇത്രയും രൂപ ശേഖരിച്ചുവെക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. ഇതുപോലെ ചെറിയ തുകകള്‍ ശേരിച്ചാല്‍ നിങ്ങള്‍ക്കും കുറേ പണം സമ്പാദിക്കാമെന്നും അതുവഴി ഒരുപാട് നല്ലകാര്യങ്ങള്‍ ചെയ്യാമെന്നും കൂട്ടുകാര്‍ക്ക് നഷ്‍വ നല്‍കുന്ന കുഞ്ഞ് ഉപദേശം.