വയനാട്: കേരളത്തെ നടുക്കി വയനാട് മുണ്ടക്കൈ, ചൂരൽമല ഭാഗത്ത് ഉരുള്‍പൊട്ടൽ. ആറ് മണി വരെ പുറത്ത് വന്ന വിവരം അനുസരിച്ച് 120 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതില്‍ 48 പേരുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. മൃതദേഹത്തിൽ ചിലത് ചിന്നിച്ചിതറിയ നിലയിലാണ്. അപകടം ഉണ്ടായ സ്ഥലത്ത് നിന്ന് കിലോ മീറ്റുകള്‍ അകലെ നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് ചാലിയാര്‍ പുഴയിലൂടെ മൃതദേഹം ഒഴുകിയെത്തിയ അവസ്ഥയും ഉണ്ടായി. നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിൽ 42 മൃതദേഹമാണുള്ളത്. ഇതിൽ 16 എണ്ണം ശരീരഭാഗമാണ്. 98 പേരെ കാണാതായി. 131 പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു ആദ്യ ഉരുള്‍ പൊട്ടൽ. പുലർച്ചെ 4.10 ന് രണ്ടാമതും ഉരുള്‍ പൊട്ടി. ചൂരൽമല മുണ്ടക്കൈ റോഡും പാലവും ഒലിച്ച് പോയി. വെള്ളാര്‍മല സ്കൂള്‍ തകര്‍ന്നു. മുണ്ടക്കൈയിൽ മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായത്. ഒറ്റപ്പെട്ട അട്ടമലയിൽ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യവും ദുരന്ത നിവാരണ സേനയും വയനാട്ടിലെത്തി. ആകാശ മാര്‍ഗം രക്ഷാ ദൗത്യത്തിന് സേന രാവിലെ രണ്ട് വട്ടം ശ്രമിച്ചെങ്കിലും പ്രതികൂല കാലവസ്ഥ കാരണം നടന്നില്ല. വടം കെട്ടിയാണ് മറുകരയിലുണ്ടായിരുന്ന ചൂരൽ മലയിൽ എത്തിച്ചത്. വൈകീട്ട് സേന ഹെലികോപ്ടര്‍ ചൂരൽ മലയിലെത്തിച്ചു. സ്ഥലത്ത് സൈന്യം താല്‍ക്കാലിക പാലം നിര്‍മിക്കും. എന്നാൽ രാത്രിയിൽ രക്ഷാപ്രവര്‍ത്തനം സാധ്യമാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.