മൂന്നിയൂർ:. നിർമ്മാണം കഴിഞ്ഞ് ഉദ്ഘാടനം കഴിയാത്ത ഷട്ടറിന്റെ സമീപം വലിയ ഗർത്തം രൂപപ്പെട്ടു. മൂന്നിയൂർ തെക്കെപാടത്തെ കർഷകർക്കും നാട്ടുകാർക്കും ആശ്വാസമാകുന്ന കളത്തിങ്ങൽ പാറ മൂഴിക്കൽ തോടിന് കുറുകെ മാസങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഷട്ടറിന്റെ ഒരു സൈഡിൽ ഫില്ലറിനോട് സമീപം വലിയ ഗർത്തം രൂപപ്പെട്ടിട്ടുള്ളത്. നിർമ്മാണത്തിലെ അപാകതയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പിടിപ്പ് കേടുമാണ് ഇതിന് കാരണമെന്ന് നാട്ടുകാരും കൃഷിക്കാരും പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
നേരത്തെ ഉണ്ടായിരുന്ന 40 വർഷം പഴക്കമുള്ള പഴയ ഷട്ടർ പൊളിച്ച് പഞ്ചായത്ത് ഫണ്ടിൽ നിന്നും 19 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ ഷട്ടർ നിർമ്മിച്ചത്. നിർമ്മാണം കഴിഞ്ഞ് ഉദ്ഘാടനത്തിന് തിയ്യതി നിശ്ചയിക്കുകയും ഉൽഘാടന ശിലാഫലകം കരാറുകാരൻ ഷട്ടറിൽ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ നിർമ്മാണ സമയത്ത് തന്നെ ഷട്ടറിന്റെ ഒരു ഭാഗത്തെ സൈഡ് വാൾ തകർന്ന് വീണതിനെ തുടർന്ന് സൈഡ് വാൾ പുനർ നിർമ്മിക്കാതെ ഷട്ടർ ഉദ്ഘാടനം ചെയ്യാനുള്ള നീക്കത്തിനെതിരെ രംഗത്തിറങ്ങുകയും പ്രദേശത്ത് കരിങ്കൊടി കെട്ടി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുടർന്ന് പഞ്ചായത്ത് അധികൃതർ സൈഡ് വാൾ കെട്ടുന്നതിന് വേണ്ടി വീണ്ടും അഞ്ച് ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച സൈഡ് വാളിനോട് ചേർന്ന ഭാഗത്താണ് ഇപ്പോൾ വലിയ ഗർത്തം രൂപപ്പെട്ടിട്ടുള്ളത്. നിർമ്മാണത്തിലെ അശാസ്ത്രീയതയും കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും പിടിപ്പ് കേടുമാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണമെന്ന് നാട്ടുകാരും കർഷകരും ആരോപിച്ചു. നിർമ്മാണ സമയത്ത് തന്നെ കർഷകരും നാട്ടുകാരും ബന്ധപ്പെട്ടവരെ ഈ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു.
ആയിരക്കണക്കിന് ഏക്കർ വരുന്ന തെക്കെ പാടത്തെ കൃഷിക്കാർക്കും നാട്ടുകാർക്കും കാലവർഷം വരുമ്പോൾ കടലുണ്ടി പുഴയിൽ നിന്നും വെള്ളം കയറുന്നത് തടയുവാനും വേനൽ കാലത്ത് കൃഷിക്കാവശ്യമായ വെള്ളം തടഞ്ഞ് നിർത്തുവാനും ഉള്ള ഏക ആശ്രയമാണ് ഈ ഷട്ടർ. ഈ ഗർത്തത്തിലേക്ക് മഴ വെള്ളം ഒഴുകി ആഴത്തിലേക്ക് ഇറങ്ങി ഷട്ടറിന് വലിയ ഭീഷണിയാണ് ഉണ്ടാക്കിയിട്ടുള്ളത്. കടലൂണ്ടി പുഴ നിറഞ്ഞ് കവിഞ്ഞ് ഏത് നിമിഷവും ഷട്ടറിന് മുകളിലൂടെ വെള്ളം ഒഴുകാനിരിക്കുകയാണ്. ഷട്ടറിന് മുകളിലൂടെ വെള്ളം ഒഴുകിയാൽ ഷട്ടർ നിലംപൊത്തുമെന്നുറപ്പാണ്. ഇതിന് ഉത്തരവാദികളായ കരാറുകാരനെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കർഷകരും നാട്ടുകാരും വിവിധ സംഘടനകളും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഷട്ടർ നിർമ്മാണവുമായി ബന്ധപ്പെട്ട് വിജിലൻസ്, ഉന്നത അധികാരികൾ എന്നിവർക്ക് പരാതികൾ കൊടുക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാരും വിവിധ സംഘടനകളും.
റിപ്പോർട്ട്:-അഷ്റഫ് കളത്തിങ്ങൽ പാറ.