വയനാട് ദുരന്തം: ചാലിയാറില്‍ നിന്ന് ഇന്നലെ ഒരു മൃതദേഹവും നാല് ശരീര ഭാഗങ്ങളും ലഭിച്ചു

വയനാട് : ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ഭാഗത്ത് ചാലിയാര്‍ പുഴയില്‍ തുടരുന്ന തിരച്ചിലില്‍ ഇന്നലെ (ബുധന്‍) ഒരു മൃതദേഹവും 4 ശരീര ഭാഗങ്ങളും കൂടി ലഭിച്ചു. ഇതോടെ മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച ആകെ മൃതദേഹങ്ങള്‍ 77 ഉം ശരീര ഭാഗങ്ങള്‍ 165 ഉം ആയി. ആകെ 242 എണ്ണം. 39 പുരുഷന്മാരുടെയും 31 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും 4 പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഉരുള്‍പൊട്ടലുണ്ടായതിനു ശേഷം ഒന്‍പതു ദിവസമായി ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുകയാണ്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ഇതിനകം 241 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. 227 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്തു. 7 ശരീര ഭാഗങ്ങള്‍ പൂര്‍ണമായി ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലെ ലഭിച്ച മൃതദേഹവും ശരീരഭാഗതളും ഇന്ന് (വ്യാഴം) വയനാട്ടിലേക്ക് കൊണ്ട് പോകും.

ബുധനാഴ്ച ചാലിയാര്‍ മുക്കില്‍ നിന്ന് ഒരു പുരുഷന്റെ മൃതദേഹവും മുണ്ടേരി വനത്തിലെ ഇരുട്ടുകുത്തിയില്‍ നിന്ന് മൂന്ന് ശരീര ഭാഗങ്ങളും വാണിയമ്പുഴ നഗറിലെ പുഴയോരത്ത് നിന്ന് ഒരു ശരീര ഭാഗവുമാണ് കണ്ടെടുത്തത്. വനമേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആദിവാസികള്‍ കൂടതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനാല്‍ ഈ ഭാഗത്ത് വ്യാപക തിരച്ചില്‍ നടത്തി.
ആറ് സോണുകളിലായി വിവിധ സേനാവിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ബുധനാഴ്ചയും തിരച്ചിലില്‍ വ്യാപൃതരായത്. കേരള പോലീസ്, എന്‍ഡിആര്‍എഫ്, ആര്‍മി, എന്‍ഡിഎംഎ റെസ്‌ക്യൂ ടീം, ഡെല്‍റ്റാ സ്‌ക്വാഡ്, എസ്ഒജി, കേരള, തമിഴ്‌നാട് ഫയര്‍ റെസ്‌ക്യു ടീമുകള്‍, കെ 9 ഡോഗ് സ്‌ക്വാഡ്, ഫോറസ്റ്റ് തുടങ്ങിയ സേനാവിഭാഗങ്ങളും തിരച്ചില്‍ ദൗത്യങ്ങളില്‍ സജീവമാണ്. സേനാവിഭാഗങ്ങള്‍ക്കൊപ്പം 80 ടീമുകളിലായി 524 സന്നദ്ധ പ്രവര്‍ത്തകരും ദുരന്തബാധിത പ്രദേശങ്ങളില്‍ തിരച്ചിലില്‍ പങ്കെടുത്തു. മമ്പാട് ഓടായിക്കല്‍ റഗുലേറ്ററില്‍ അടിഞ്ഞ മരത്തടികള്‍ മുറിച്ച് മാറ്റിയും പരിശോധന നടത്തി.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *