നിലമ്പൂർ : വീട്ടുകാരുടെകണ്ണുതെറ്റിയ നേരത്തു വീടിനു പുറത്തിറങ്ങി റെയിൽപാളത്തിലെത്തിയ മൂന്നര വയസ്സുകാരനെ ട്രെയിൻ ഇടിച്ചു. തലയ്ക്കു പരുക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ റെയിൽവേ ഗേറ്റിന് 500 മീറ്റർ അകലെ കഴിഞ്ഞ ദിവസം രാവിലെ 11.30 ന് കോട്ടയം – നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടം. പാളത്തിൽ നിന്ന് 300 മീറ്റർ അകലെയാണ് കുട്ടിയുടെ വീട്. മാതാവ് അയൽവീട്ടിൽ പോയതിനു പിന്നാലെ വീട്ടിൽ നിന്നു പുറത്തിറങ്ങിയ കുട്ടി നടന്നു പാളത്തിൽ കയറുകയായിരുന്നു
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
അകലെനിന്നു കുട്ടിയെ കണ്ട ലോക്കോ പൈലറ്റ് വേഗം കുറച്ചു ട്രെയിൻ നിർത്തിയെങ്കിലും എൻജിൻ ഇടിക്കുകയായിരുന്നു.ട്രെയിനിൽ ഉണ്ടായിരുന്ന ആർപിഎഫ് എഎസ്ഐ സി.അരവിന്ദാക്ഷൻ, എച്ച്സി സി.മുജീബ് റഹ്മാൻ എന്നിവർ അതേ ട്രെയിനിൽ കുട്ടിയെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് ഓട്ടോറിക്ഷയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ കുട്ടിയെ കാണാതെ അന്വേഷണം തുടങ്ങിയ വീട്ടുകാർ പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിച്ചു. അപ്പോഴേക്കു റെയിൽവേ സ്‌റ്റേഷനിൽ സ്‌റ്റാൾ നടത്തുന്ന അയൽവാസി കുട്ടിയെ തിരിച്ചറിഞ്ഞു. വിവരം ബന്ധുക്കളെ അറിയിച്ചു. തുടർന്നു കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തി കുട്ടിയെ കോഴിക്കോട്ടേക്ക് മാറ്റി. നിലവിൽ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.