അപകട ശേഷം അർജുന്റെ ലോറിയിലെ ജിപിഎസ് പ്രവർത്തിച്ചിരിക്കുക പരമാവധി 19 മിനിറ്റ്; രേഖകൾ പുറത്ത്
ബെംഗളൂരു : ഉത്തര കന്നഡയിലെ അങ്കോലയ്ക്കു സമീപം ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ ലോറിഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഒമ്പതാംദിനവും തുടരുന്നു. തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ ലോറി കണ്ടെത്തിയെന്ന അഭ്യൂഹങ്ങളും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ലോറി കണ്ടെത്തിയതിന് ഇതുവരെ കൃത്യമായ സ്ഥിരീകരണമില്ലെന്ന് സംഭവ സ്ഥലത്തുള്ള മഞ്ചേശ്വരം എംഎല്‍എ എ.കെ.എം.അഷ്‌റഫ് പറഞ്ഞു. എന്നാല്‍ രക്ഷാപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും പ്രതികരണങ്ങളില്‍നിന്ന് പതിവില്‍നിന്ന് വിപരീതമായ ചില ആത്മവിശ്വാസം തനിക്ക് തോന്നിയതായും അഷറഫ് പ്രതികരിച്ചു.
‘കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍നിന്ന് വ്യത്യസ്തമായി വലിയ തയ്യാറെടുപ്പുകളോടെയാണ് ഇന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുള്ളത്. രാവിലെ കര്‍ണാടക ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ എന്നെയും പങ്കെടുപ്പിച്ചിരുന്നു. അവരുടെ സംസാരത്തില്‍ ആത്മവിശ്വാസമുണ്ട്. എല്ലാവരും ഒരു സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. ദുരന്തം നടന്നതിന് ശേഷം ഇത്തരത്തില്‍ ഇതാദ്യമാണ്’ – എം.എല്‍.എ പറഞ്ഞു. പോപ്പുലർ ന്യൂസ്
ഇതിനിടെ, ലോറി കണ്ടെത്തുന്നതിനുള്ള തിരച്ചിലിനായി കൂറ്റന്‍ മണ്ണുമാന്ത്രി യന്ത്രം ഷിരൂരില്‍ എത്തിച്ചിട്ടുണ്ട്. 60 അടിവരെ ആഴത്തില്‍വരെ തിരച്ചില്‍ നടത്താന്‍ കഴിയുന്നതാണ് ബൂം ലെങ്ത് മണ്ണുമാന്തി യന്ത്രം.
അതേസമയം ഷിരൂർ കുന്നിൽ മണ്ണിടിഞ്ഞു കാണാതായ അർജുന്റെ ലോറിയുടെ ജിപിഎസ് അപകടം നടന്ന് ഏകദേശം പരമാവധി 19 മിനിറ്റ് വരെ മാത്രമാണു പ്രവർത്തിച്ചതെന്നു സൂചന. അപകടം നടന്ന് രണ്ടു ദിവസം കഴിഞ്ഞും ജിപിഎസ് പ്രവർത്തിച്ചുവെന്നും എൻജിൻ ഓൺ ആയി എന്നുമുള്ള വാദം തെറ്റാണെന്ന് ഇതോടെ വ്യക്തമായി. ലോറി മണ്ണിടിച്ചിലിൽപ്പെട്ട് അപകടം സംഭവിച്ചതിനു രണ്ടു ദിവസം കഴിഞ്ഞും ലോറിയുടെ എൻജിൻ ഓൺ ആയി എന്ന രീതിയിൽ വന്ന വാർത്തകൾ തെറ്റാണെന്നു കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു ലോറിയുടെ ജിപിഎസ് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
ജിപിഎസ് ലൊക്കേഷൻ അവസാനമായി പ്രവർത്തിച്ചത് ജൂലൈ 16ന് രാവിലെ 8.49ന്. 8.30നാണു മണ്ണിടിച്ചിലുണ്ടായത് എന്നാണു നേരത്ത വന്ന റിപ്പോർട്ടുകൾ. ഈ സമയത്തിൽ ചെറിയ വ്യത്യാസം ഉണ്ടാവാം. എങ്കിലും ഇതുപ്രകാരം മണ്ണിടിച്ചിലുണ്ടായി ഏകദേശം 19 മിനിറ്റുകൾക്കകം ലോറിയുടെ ജിപിഎസ് പ്രവർത്തനരഹിതമായി. അർജുന്റെ ലോറിയുടെ ലൊക്കേഷൻ അവസാനമായി ജിപിഎസിൽ കാണിക്കുന്നത് ഷിരൂരിൽ തന്നെയാണ്. വണ്ടി ഷിരൂരിൽ ഓഫ്‌ലൈനായി എന്നു സൂചിപ്പിക്കുന്ന റെഡ് സിഗ്‌നലാണ് ജിപിഎസ് മാപ്പിൽ അതിനുശേഷം കാണിക്കുന്നത്.
കെഎ 15എ 7427 എന്ന റജിസ്ട്രേഷനുള്ള സാഗർ കോയ ടിംബേഴ്‌സ് ലോറിയാണ് അർജുൻ ഓടിച്ചിരുന്നത്. സംഭവ ദിവസം അർജുൻ 181 കിലോമീറ്റർ വാഹനമോടിച്ചിട്ടുണ്ട്. ആകെ 6 മണിക്കൂർ 30 മിനിറ്റ് യാത്രാ സമയം. അങ്ങനെയെങ്കിൽ അർജുൻ യാത്ര ആരംഭിച്ചത് പുലർച്ചെ 2ന് ആയിരിക്കണം. മണിക്കൂറിൽ പരമാവധി 74 കി.മീ. വരെ വേഗതയിലാണ് വാഹനം ഓടിച്ചത്. പല ഘട്ടങ്ങളിലായി ഒരു മണിക്കൂർ 15 മിനിറ്റ് വണ്ടി ഓൺ ചെയ്തു വച്ചു വിശ്രമിച്ചതായും കാണാം. ഇതിൽ ഏറ്റവും കൂടുതൽ വിശ്രമിച്ച സമയം 14 മിനിറ്റ് 25 സെക്കൻഡാണ്. ഇതു ചിലപ്പോൾ മണ്ണിടിച്ചിലുണ്ടായ ഷിരൂരിലെ ധാബ(ചായക്കട)യ്ക്കു സമീപം ആവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെ എങ്കിൽ 8.15നാവും അർജുനും ലോറിയും അപകടം നടന്ന സ്ഥലത്ത് എത്തിയിട്ടുണ്ടാവുക.
വണ്ടി ഓഫ് ചെയ്ത് കിടന്നുറങ്ങിയപ്പോൾ മണ്ണിടിച്ചിലുണ്ടാവാനും വണ്ടി തകർന്ന് പവർ ഓഫ് ആയതുമാവാം ജിപിഎസ് കട്ട് ആവാൻ കാരണം. ലോറി ഉടമ ജിപിഎസ് ലൊക്കേഷൻ ആപ്പിൽ നോക്കിയാണു വണ്ടി അപകടത്തിൽപ്പെട്ടതെന്നു കണ്ടെത്തിയത്. ലഭ്യമായ രേഖകൾ പ്രകാരം അപകട സമയത്ത് പുകുതിയിലറെ ഇന്ധനവും ഓയിലും വണ്ടിയുടെ ടാങ്കിലുണ്ടായിരുന്നു.









