കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട ട്രക്ക് ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം ഉഡുപ്പി ജില്ലയിലെ മാൽപെയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ 8 അംഗ മാൽപെ സംഘം ഏറ്റെടുത്തു. ഗംഗാവലി പുഴയിലെ മൺതിട്ടയിൽ നിലയുറപ്പിച്ച സംഘം പുഴയിൽ ഇറങ്ങിയുള്ള പരിശോധന തുടങ്ങി.
ഷിരൂരിലേത് ശ്രമകരമായ ദൗത്യമെന്ന് ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. പുഴയിൽ മൂന്ന് ബോട്ടുകളിൽ പോയി നങ്കൂരമിട്ടാകും പരിശോധിക്കുക. പുഴയുടെ അടിത്തട്ടിലേക്ക് പോയാൽ ഒന്നും കാണാനാകില്ലെന്നും കൈകൊണ്ട് തൊട്ടുനോക്കിയാണ് ശരീരഭാഗവും ലോഹഭാഗവും ഏതാണെന്നും തിരിച്ചറിയുകയെന്നും ഈശ്വർ മാൽപെ പറഞ്ഞു. റഡാറിൽ തെളിഞ്ഞ എല്ലാ പോയിന്റുകളിലും പരിശോധന നടത്തുമെന്നും വെള്ളത്തിൽ 100 അടിവരെ താഴെ പോയി മൃതദേഹങ്ങൾ പുറത്തെത്തിച്ചിട്ടുണ്ടെന്നും ഈശ്വർ മാൽപെ പറഞ്ഞു.
ട്രക്ക് പുഴയ്ക്കടിയിൽ ഉണ്ടെന്ന നിഗമനത്തിലെത്തിയെങ്കിലും അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ സാധിച്ചിരുന്നില്ല. ഇതേത്തുടർന്ന് ഇത്തരം സാഹചര്യങ്ങളിലും രക്ഷാപ്രവർത്തനം നടത്താറുള്ള മാൽപെ സംഘത്തെ എസ് പിയും ഡിവൈ എസ് പിയും വിളിച്ചുവരുത്തിയത്. അതിനിടെ പുഴയിലിറങ്ങിയ ഈശ്വർ മാൽപെ കുത്തൊഴുക്കിൽപെട്ടെങ്കിലും നാവികസേന ഇദ്ദേഹത്തെ രക്ഷപ്പെടുത്തി.









