വയനാട് : ബസും വാനും കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരിക്ക്. വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നിലാണ് സംഭവം. സ്വകാര്യ ബസ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.പരിക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ വയനാട് ദുരന്തത്തില്‍ ഉള്‍പ്പെട്ട ശ്രുതിയും ജെൻസണും ഉണ്ട്. തലയ്ക്ക് പരിക്കേറ്റ ജെൻസണെ മൂപ്പൻസ് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
വയനാട് ഉരുള്‍പൊട്ടലില്‍ ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനുജത്തി ശ്രേയ എന്നിവരെ കാണാതായിരുന്നു. ശ്രേയയുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്. ബന്ധുവീട്ടിലായിരുന്നതിനാലാണ് ശ്രുതി ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ശ്രുതിയുടെ വിവാഹം ഡിസംബറില്‍ നടത്താൻ നിശ്ചയിച്ചിരുന്നു. കല്യാണാവശ്യത്തിനായി നാലര ലക്ഷം രൂപയും പതിനഞ്ച് പവനും സ്വരുക്കൂട്ടിയിരുന്നു. അതും ഉരുളെടുത്തു. പത്ത് വർഷമായി പ്രണയത്തിലാണ് ശ്രുതിയും ജെൻസണും. ഇതിനിടെ അപ്രതീക്ഷിതമായാണ് ശ്രുതിയുടെ മാതാപിതാക്കളുടെയും അനുജത്തിയുടെയും ജീവൻ ഉരുള്‍ കവർന്നെടുക്കുന്നത്.
മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉണ്ടായ മൂന്ന് ഉരുള്‍പൊട്ടലില്‍ ഒരു ഗ്രാമം പൂർണമായും ഒലിച്ചുപോകുകയായിരുന്നു. പാലം തകർന്നു. മുണ്ടക്കൈ പുഴ വഴിമാറി ഒഴുകി. പാറക്കെട്ടുകള്‍, മരങ്ങള്‍, വീടുകള്‍,വാഹനങ്ങള്‍ എന്നിവയെല്ലാം കുത്തൊഴുക്കില്‍പ്പെട്ടു. ചൂരല്‍ മലയില്‍ആയിരുന്നു ആദ്യ ഉരുള്‍പൊട്ടല്‍. പുലർച്ചെ നാലു മണിയോടെ മുണ്ടക്കൈയിലും ഉരുള്‍പൊട്ടിയെത്തി. വെള്ളരിമല വില്ലേജ് പരിധിയിലെ ചൂരല്‍മല, അട്ടമല, മുണ്ടക്കൈ പ്രദേശങ്ങളില്‍ 1200 ഓളം കുടുംബങ്ങളുണ്ടായിരുന്നത്. തേയിലതോട്ടങ്ങളുടെ പാടികളില്‍ (ലയം) താമസിക്കുന്ന തൊഴിലാളി കുടുംബങ്ങളും പുഴയോരത്തെ ജനങ്ങളുമാണ് ദുരന്തത്തിന് ഇരയായത് .