കോട്ടയ്ക്കല്‍: വാഹനാപകടത്തിനിടെ കാറിന്റെ എയര്‍ബാഗ് മുഖത്തമര്‍ന്നതിനെത്തുടര്‍ന്ന് രണ്ടു വയസുകാരി മരിച്ചു.
പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്. കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ അമ്മയുടെ മടിയിലിരുന്ന രണ്ടു വയസ്സുകാരി എയര്‍ബാഗ് മുഖത്തമര്‍ന്നതിനെത്തുടര്‍ന്ന് ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് ആയിരുന്നു അപകടം. പടപ്പറമ്പ് പുളിവെട്ടിയില്‍ കുഞ്ഞും കുടുംബവും സഞ്ചരിച്ച കാറും എതിരെ വന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
കുട്ടിയുടെ പിതാവ് രണ്ടുദിവസം മുന്‍പാണ് വിദേശത്തുനിന്ന് വന്നത്. കുട്ടിയുടെ പിതൃസഹോദരന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. റൈഹാൻ, അമീൻ എന്നിവരാണ് സഹോദരങ്ങൾ. കൊളത്തൂർ പോലീസ് എത്തി നടപടികൾ സ്വീകരിച്ചു.









