ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ തീപ്പിടിത്തമുണ്ടായി ഏഴുപേർക്ക് ദാരുണാന്ത്യം. ഇരുപതോളം പേർക്ക് പരിക്കേറ്റു. ലിഫ്റ്റിൽ ആറുപേർ കുടുങ്ങിക്കിടക്കുന്നുമുണ്ട്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. രാത്രി 11.30 പിന്നിടുമ്പോഴും തീപ്പിടിത്തം നിയന്ത്രണവിധേയമായിട്ടില്ല. നാലുനില കെട്ടിടത്തിന്റെ പലഭാഗങ്ങളിലേക്കും തീ വ്യാപിച്ചിട്ടുണ്ട്. നൂറിലധികം പേരാണ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിവിധ സ്ഥലങ്ങളിൽനിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. താഴത്തെ നിലയിലാണ് ആദ്യം തീപ്പിടിച്ചത്. ഇതോടെ പലരും മുകൾനിലയിലേക്ക് ഓടിയതായും അതാണ് മരണനിരക്ക് ഉയരാൻ കാരണമായതെന്നും റിപ്പോർട്ടുണ്ട്.
അസ്ഥിരോഗ ചികിത്സയ്ക്ക് ആളുകൾ പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രിയാണിത്. ലിഫ്റ്റിൽ കുടുങ്ങിയവരും മരിച്ചവരിലുണ്ട്. മൂന്ന് വയസ്സുള്ള കുട്ടിയും മൂന്ന് സ്ത്രീകളും ഉൾപ്പെടെ മരണപ്പെട്ടവരിലുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് ക്യാമ്പുചെയ്ത് പ്രവർത്തിക്കുന്നുണ്ട്.