അരമണിക്കൂര്‍ യാത്ര ഇനി മൂന്നര മിനിട്ടായി കുറയും; ഈ പാലം കേരളത്തിന് വലിയ ആശ്വാസം!

കേരളത്തിന് ഏറെ പ്രയോജനപ്പെടുന്ന പ്രധാനപ്പെട്ട ഒരു മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ആത്തുപ്പാലം മുതല്‍ ഉക്കടം ടൗണ്‍വരെയുള്ള ഗതാഗതക്കുരുക്കിന് ഇതോടെ ശമനം. ഉക്കടം മേല്‍പ്പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. കേരളത്തില്‍ നിന്നും കോയമ്പത്തൂരിലേക്കുള്ള യാത്രക്കാര്‍ നേരിടുന്ന ദുരിതത്തിനാണ് ഇതോടെ അവസാനമാകുന്നത്. ഉദ്ഘാടനത്തിന് പിന്നാലെ മേല്‍പ്പാലത്തിലൂടെ അദ്ദേഹം യാത്രനടത്തി. പാലത്തിന്റെ 96 ശതമാനത്തോളം നിര്‍മാണമാണ് പൂര്‍ത്തിയായത്. പാലത്തിനു മുകളില്‍ 40 കിലോമീറ്ററും റാംപില്‍ 30 കിലോമീറ്ററുമാണു വേഗപരിധി.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ശരാശരി അരമണിക്കൂറാണ് ആത്തുപ്പാലം മുതല്‍ ഉക്കടം വരെയുള്ള 2.4 കിലോമീറ്റര്‍ കടക്കാന്‍ എടുത്തിരുന്ന സമയം. ഉക്കടം കുളത്തിനോട് ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ഈ മേല്‍പ്പാലത്തിലൂടെയുള്ള യാത്രയിലൂടെ അത് മൂന്നര മിനിറ്റായി ചുരുങ്ങി എന്നതാണ് മേന്മ. ഏഴു റാംപുകളുള്ള റോഡിന്റെ മുഴുവന്‍ നീളം 3.8 കിലോമീറ്ററാണ്. നാലു വരി പാതയില്‍ 2 റാംപുകള്‍ പാലക്കാട് റോഡിലും 2 റാംപുകള്‍ പൊള്ളാച്ചി റോഡിലും 2 റാംപുകള്‍ സെല്‍വപുരം റോഡിലുമാണ്. ഉക്കടം ഭാഗത്തു നിന്നു ചുങ്കം റോഡിലേക്ക് ഇറങ്ങുന്ന റാംപിന്റെ നിര്‍മാണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നു നല്‍കും.

2011ല്‍ നിയമസഭയില്‍ പ്രഖ്യാപിച്ച പദ്ധതി 2024ല്‍ പൂര്‍ത്തിയാവുമ്പോള്‍, ആത്തുപാലത്തില്‍ നാലു പതിറ്റാണ്ട് മുമ്പ് നിര്‍മിച്ച ടോള്‍ഗേറ്റില്‍ കേരളത്തിലെ വാഹനങ്ങള്‍ തടഞ്ഞ് ടോള്‍ പിരിക്കുന്ന പതിവിന് അറുതിയായി എന്നതാണ് ആശ്വാസം. പാലക്കാട് റോഡിനെ കോയമ്പത്തൂര്‍ നഗരവുമായി ബന്ധിപ്പിക്കുന്ന രണ്ടു വരി പാലത്തിന് 35 വര്‍ഷം ടോള്‍ പിരിക്കാന്‍ സംസ്ഥാന ഹൈവേ വകുപ്പ് അനുമതി നല്‍കിയിരുന്നു.

ആദ്യം ആത്തുപ്പാലം മുതല്‍ ഉക്കടം വരെ പ്രഖ്യാപിച്ച പദ്ധതി പാലംപണി തുടങ്ങിയ ശേഷം പാലക്കാട്, പൊള്ളാച്ചി റോഡിലേക്കും നീട്ടിയതോടെയാണു വീണ്ടും വൈകിയത്. സ്ഥലമേറ്റെടുക്കലടക്കം 481.95 കോടി ചെലവിട്ടാണു പാലം നിര്‍മിച്ചത്.

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *