ആരാധനാലയങ്ങളുടെ നിര്‍മാണത്തിന്‌ ഇനി കലക്ടറുടെ അനുമതി വേണ്ട; നൽകേണ്ടത് തദ്ദേശ സ്ഥാപനങ്ങള്‍ ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം : ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് ഇനി  കലക്ടർക്ക് പകരം തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി മതി. ഇതിനെതിരേ ഉണ്ടായിരുന്ന ഹൈക്കോടതി സ്റ്റേ നീക്കിയതിനാലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് ജില്ലാ കലക്ടര്‍മാര്‍ക്കായി ഉത്തരവ് ഇറക്കിയത്. 2021 ഫെബ്രുവരി 14നാണ് കേരള പഞ്ചായത്ത്, മുനിസിപ്പാലിറ്റി ബില്‍ഡിങ് റൂള്‍സ് ഭേദഗതി ചെയ്ത് ജി.ഒ(പി)19/2021 പ്രകാരം ഉത്തരവ് ഇറക്കിയിരുന്നത്.

ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് ജില്ലാ ഭരണകൂടത്തിന്റെ മുന്‍കൂര്‍ അനുമതി തേടണമെന്ന നിയമം ഭേദഗതി ചെയ്ത് ഇതിനുള്ള അധികാരം തദ്ദേശ സ്ഥപനങ്ങള്‍ക്ക് കൈമാറുന്നതായിരുന്നു ഈ ഉത്തരവ്. എന്നാല്‍, ഇത് ഹൈക്കോടതി സ്റ്റേ ചെയ്തു.  ആരാധനാലയത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തത്.

ആരാധനാലയ നിര്‍മാണത്തിന് അനുമതി നല്‍കുന്നത് ഏതെങ്കിലും വിധത്തിലുള്ള സംഘര്‍ഷത്തിനു കാരണമാകുമോയെന്നതിലടക്കം ജില്ലാ ഭരണകൂടം രഹസ്യവിവരം ശേഖരിച്ചു വിലയിരുത്തിയതിനു ശേഷമാണ് അനുമതി നല്‍കേണ്ടതെന്നായിരുന്നു നിയമം. എന്നാല്‍, മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിനുണ്ടായിരുന്ന അധികാരം അതേപടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി. ഇത് ചോദ്യംചെയ്താണ് ചാലിശേരി സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളി ഹൈക്കോടതിയെ സമീപിച്ചത്.
ഭരണഘടനയുടെ 243 അനുച്ഛേദം പ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങളുടെ അധികാരവും ഉത്തരവാദിത്വങ്ങളും നിര്‍വചിച്ചിട്ടുള്ളത്. പഞ്ചായത്ത് സ്ഥാപനങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങള്‍ 11ാം ഷെഡ്യൂളിലുമാണുള്ളത്. എന്നാല്‍, രഹസ്യവിവരം ശേഖരിക്കലും നയ രൂപവത്കരണവും ഷെഡ്യൂള്‍ 11ന്റെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഈ ഹരജി ഹൈക്കോടതി തീര്‍പ്പാക്കിയതോടെ സര്‍ക്കാര്‍ ഇതു സംബന്ധിച്ച പുതിയ ഉത്തരവിറക്കി. ആരാധനാലയങ്ങളുടെ നിര്‍മാണത്തിനോ പുതുക്കിപ്പണിയുന്നതിനോ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാമെന്നും ഉത്തരവിലുണ്ട്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *