ന്യൂയോർക്ക്: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും (ഇ.വി.എം) പോസ്റ്റൽ വോട്ടുകളും വളരെ അപകടംപിടിച്ചതാണെന്നും പകരം പേപ്പർ ബാലറ്റുകളും വ്യക്തിഗത വോട്ടിങ്ങും നിർബന്ധമാക്കണമെന്നും സ്പേസ് എക്സ്, ടെസ്ല സി.ഇ.ഒ ഇലോൺ മസ്ക്. നാല് മാസം കഴിഞ്ഞ് നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മസ്കിന്റെ അഭിപ്രായ പ്രകടനം വരുന്നത്. മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കാലഹരണപ്പെട്ട പതിപ്പുകളുടെ ഉപയോഗം, വോട്ടുയന്ത്രങ്ങളുടെ വിശ്വാസ്യത എന്നിവ ചോദ്യം ചെയ്തുള്ള വാർത്തകൾ പങ്കുവെച്ചാണ് മസ്ക് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
നേരത്തെയും ഇദ്ദേഹം ഇ.വി.എമ്മിനെതിരെ രംഗത്തുവന്നിരുന്നു. വോട്ടുയന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ സാധിക്കുന്നതിനാൽ അവ തെരഞ്ഞെടുപ്പുകളിൽനിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം കഴിഞ്ഞമാസം ആവശ്യപ്പെട്ടിരുന്നു. ‘ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ നമ്മൾ ഒഴിവാക്കണം. മനുഷ്യരോ ആർട്ടിഫിഷ്യൽ ഇന്റലിജൻസോ ഇവ ഹാക്ക് ചെയ്യാനുള്ള സാധ്യത കൂടുതലാണ്’-ഇലോൺ മസ്ക് എക്സിൽ കുറിച്ചു.
മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ അനന്തരവനും പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ റോബർട്ട് എഫ്. കെന്നഡി ജൂനിയറിന്റെ പോസ്റ്റിന് മറുപടിയായിട്ടാണ് മസ്കിന്റെ പ്രതികരണം വരുന്നത്. ‘പ്യൂർട്ടോ റിക്കയിലെ പ്രൈമറി തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ക്രമക്കേടുകളാണ് നടന്നിട്ടുള്ളതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഭാഗ്യത്തിന് അവിടെ പേപ്പർ ബാലറ്റ് ഉപയോഗിച്ച് പരിശോധനയുണ്ടായിരുന്നു. അതിനാൽ തന്നെ പ്രശ്നം കണ്ടെത്തുകയും വോട്ടുകളുടെ എണ്ണം തിരുത്താനാവുകയും ചെയ്തു. പേപ്പർ ബാലറ്റ് പരിശോധന ഇല്ലാത്ത സ്ഥലങ്ങളിൽ എന്തായിരിക്കും അവസ്ഥ’- എന്നായിരുന്നു കെന്നഡി ജൂനിയറിന്റെ ട്വീറ്റ്.
ലോകമെമ്പാടും വോട്ടുയന്ത്രങ്ങളെക്കുറിച്ച് സംശയവും ആശങ്കകളും ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇലോൺ മസ്ക് കെന്നഡി ജൂനിയറിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്. എന്നാൽ, മസ്കിനെതിരെ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖർ അന്ന് രംഗത്തുവന്നിരുന്നു. മസ്കിന്റേത് സാമാന്യവല്‍ക്കരണമാണെന്നും ഇന്ത്യന്‍ ഇ.വി.എമ്മുകള്‍ സുരക്ഷിതമാണെന്നും ചന്ദ്രശേഖർ വാദിച്ചു. എന്നാല്‍, എന്തും ഹാക്ക് ചെയ്യപ്പെടാമെന്നായിരുന്നു ഇതിനോട് മസ്ക് പ്രതികരിച്ചത്.
മസ്കിന്റെ അഭിപ്രായത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ഇന്ത്യയിലെ ഇ.വി.എമ്മുകള്‍ ഒരു ബ്ലാക്ക് ബോക്സാണെന്നും അത് സൂക്ഷ്മമായി പരിശോധിക്കാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ‘എക്സി’ല്‍ കുറിച്ചു. നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതര ആശങ്കകള്‍ ഉയരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.