താനൂർ: സിപിഐ എം ജില്ലാ സെക്രട്ടറിയായി വി പി അനിലിനെ (55) ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. നിലവിൽ ജില്ലാ സെക്രട്ടറിയറ്റംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റും പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രി ചെയർമാനുമാണ്.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായിരുന്നു. കലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാനായി. ഡി വൈഎഫ്ഐ ജില്ലാ പ്രസിഡൻ്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റംഗവുമായിരുന്നു. കോഡൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, സഹകരണ ബാങ്കുകളുടെ ജില്ലാ കൺസോർഷ്യം പ്രസിഡൻ്റ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർസ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡൻ്റുമാണ്.
മലപ്പുറം എം എസ്പി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരിക്കെ 12 വർഷം മുമ്പ് അവധി എടുത്ത് മുഴുവൻ സമയ പാർടി പ്രവർത്തകനായി. കഴിഞ്ഞ വർഷം വളൻ്ററി റിട്ടയർമെൻ്റ് എടുത്തു.
കോഡൂർ ഉമ്മത്തൂരിൽ പരേതനായ വലിയ പുരയ്ക്കൽ വി പി കുഞ്ഞിക്കുട്ടൻ, ഇന്ദിരാദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീജയ (എം എസ് പി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക).
മക്കൾ: അഞ്ജന (ബിഎസ് സി കെമിസ്ട്രി, ആലുവ യുസി കോളേജ്), ദിയ ജ്യോതി ( എം എസ് പി ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി)
38 അംഗ ജില്ലാ കമ്മിറ്റിയിലേയ്ക്ക് 12 പുതുമുഖങ്ങളെ തിരഞ്ഞെടുത്തു. അഡ്വ. ഷീന രാജൻ, ഇ രാജേഷ്, ടി എം സിദ്ദിഖ്, അഡ്വ. കെ ഫിറോസ് ബാബു, ഇ അഫ്സൽ (എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം, ജില്ലാ പഞ്ചായത്തംഗം), സി പി മുഹമ്മദ്കുഞ്ഞി, കെ മോഹനൻ, പി കെ മോഹൻദാസ്, കെ ടി അലവിക്കുട്ടി, ഗഫൂർ പി ലില്ലീസ്, പി ഷബീർ (ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ്), എൻ ആദിൽ (എസ്എഫ്ഐ ജില്ലാ സെക്രട്ടറി) എന്നിവരാണ് ജില്ലാ കമ്മിറ്റിയിൽ ഇടംപിടിച്ച പുതുമുഖങ്ങൾ. ഇ എൻ മോഹൻദാസ്, വി ശശികുമാർ, വി എം ഷൗക്കത്ത്, വി പി സക്കറിയ, ഇ ജയൻ, കെ പി സുമതി, വി രമേശൻ, പി കെ ഖലീമുദ്ദീൻ, പി കെ അബ്ദുള്ള നവാസ്, കൂട്ടായി ബഷീർ, പി ജ്യോതിഭാസ്, കെ പി അനിൽ, പി ഹംസക്കുട്ടി, ഇ പത്മാക്ഷൻ, കെ ഭാസ്കരൻ, കെ പി ശങ്കരൻ, ബി മുഹമ്മദ് റസാഖ്, വി പി സോമസുന്ദരൻ, വി ടി സോഫിയ, കെ ശ്യാംപ്രസാദ്, ഇ സിന്ധു, ടി സത്യൻ, ടി രവീന്ദ്രൻ, എം പി അലവി, കെ മജ്‌നു എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
സിപിഐ എം മലപ്പുറം ജില്ലാസമ്മേളനത്തിൻ്റെ പൊതുസമ്മേളനം വൈകുന്നേരം താനൂർ ചീരാൻകടപ്പുറം നഗറിൽ നടക്കും. വൈകിട്ട് മൂന്നിന് ഹാർബർ പരിസരത്തുമാണ് ചുവപ്പ് വളണ്ടിയർ മാർച്ച് ആരംഭിക്കുന്നത്. 5000ത്തിലേറെ വളണ്ടിയർമാർ മാർച്ചിൽ അണിനിരക്കും. സമ്മേളനത്തിന് സമാപനം കുറിച്ച് നടക്കുന്ന പൊതുപ്രകടനം ബീച്ച് റോഡ് പരിസരത്തെ മൈതാനിയിൽ നിന്നും ആരംഭിക്കും. വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂർ, തിരൂർ, തവനൂർ, പൊന്നാനി എന്നിവിടങ്ങളിൽ നിന്നുമുള്ള ബഹുജനങ്ങൾ മാത്രമാണ് പൊതുപ്രകടനത്തിൽ പങ്കാളികളാകുന്നത്.
വൈകീട്ട് 5.30ന് സീതാറാം യെച്ചൂരി നഗറിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി കെ ബിജു, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും.