സ്ത്രീധനം വാങ്ങില്ല, കൊടുക്കില്ല ; ഇനി സത്യവാങ്മൂലം നല്‍കണം

സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം ഇനി പൊതുമേഖലാ, കോര്‍പറേഷന്‍, സ്വയംഭരണാവകാശ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും നല്‍കണം. സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസറായ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറുടെ 2021-ലെ ശുപാര്‍ശ പരിഗണിച്ച്‌, വിവാഹിതരാകുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം മേലധിക്കാരികള്‍ക്ക് നല്‍കണമെന്ന് സര്‍ക്കാര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഡൗറി പ്രൊഹിബിഷന്‍ ഓഫീസറുടെ ശുപാര്‍ശ സംസ്ഥാനമൊട്ടാകെ ബാധകമാണെന്നു ചൂണ്ടിക്കാട്ടിയാണ് മറ്റു വിഭാഗം ജീവനക്കാര്‍ക്കും സ്ത്രീധന നിരോധന നിയമം ബാധകമാക്കിയത്. വിവാഹിതരാകുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ അച്ഛന്‍/അമ്മ, ജീവിതപങ്കാളി, ജീവിത പങ്കാളിയുടെ അച്ഛന്‍/അമ്മ എന്നിവര്‍ ഒപ്പിട്ട സത്യവാങ്മൂലമാണ് മേലധികാരികള്‍ക്ക് നല്‍കേണ്ടത്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും വാങ്ങുന്നതിനും കൊടുക്കുന്നതിനും പ്രേരിപ്പിക്കുന്നതും ജാമ്യം ലഭിക്കാത്തതും തടവ്, പിഴ ശിക്ഷകള്‍ ലഭിക്കാവുന്നതുമായ കുറ്റകൃത്യമാണ്. 1961-ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്ത്രീധന നിരോധന നിയമം കൊണ്ടുവന്നെങ്കിലും സ്ത്രീധനം വാങ്ങുന്നവരുടെയും അതിന്‍റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളുടെയും എണ്ണത്തില്‍ കാര്യമായ മാറ്റമില്ലാത്ത പശ്ചാത്തലത്തിലാണ് കൂടുതല്‍ വിഭാഗം ജീവനക്കാരെ നിയമത്തിന്‍റെ പരിധിയിലാക്കിയത്.

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *