കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന പതിനാലുകാരന്‍ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുൽ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മരണം സ്ഥിരീകരിച്ചത്. രണ്ടുമാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്ന മൂന്നാമത്തെ കുട്ടിയാണ് മൃദുല്‍.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ആശുപത്രിയിൽ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഫറോക്ക് കോളേജ് പരിസരത്തെ അച്ചംകുളത്തിൽ കുളിച്ചതിന് ശേഷമാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. പനിയും ജലദോഷവും തലവേദനയുമായി തുടങ്ങി രോഗലക്ഷണങ്ങൾ മൂർച്ഛിക്കുകയായിരുന്നു.
കുട്ടിക്ക് രോഗലക്ഷണം കണ്ടുതുടങ്ങിയതിന് പിന്നാലെ ക്ളോറിനേഷൻ ചെയ്‌ത് അച്ചംകുളം അടച്ചിരുന്നു. രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തു. രോഗലക്ഷണങ്ങളുള്ളവർ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നും നിർദേശിച്ചിരുന്നു.