താനൂർ : മതേതര മലപ്പുറത്തിൻ്റെ ചുവപ്പുരാശിയേയും താനൂരിൻ്റെ തീരശോണിമയെയും ഉൾച്ചേർത്ത് സിപിഐ എം ജില്ലാ സമ്മേളന സുവനീർ. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മുതിർന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടിക്ക് കൈമാറി സുവനീർ പ്രകാശനം ചെയ്തു.
പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, എളമരം കരീം, പി സതീദേവി, സംസ്ഥാന കമ്മിറ്റിയംഗം വി പി സാനു, ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, ജില്ലാ സെക്രട്ടറിയേറ്റം ഇ ജയൻ എന്നിവർ സന്നിഹിതരായിരുന്നു.
താനൂരിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ സുവനീറായ ‘മതേതര മലപ്പുറം മുന്നോട്ട്’ രൂപകൽപ്പനകൊണ്ടും ഉള്ളടക്കം കൊണ്ടും ശ്രദ്ധേയമായി. മതേതര മലപ്പുറം എന്ന വിഷയത്തെ മുൻനിർത്തിയാണ് സുവനീർ തയ്യാറാക്കിയത്. ടി കെ ഹംസ, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ.കെ ടി ജലീൽ, പ്രൊഫ.എം എം നാരായണൻ, ഡോ.പി പി അബ്ദുറസാഖ്, ഡോ. ഷംഷാദ് ഹുസൈൻ, ഡോ. സ്മിത എന്നിവരുടെ മതേതര മലപ്പുറത്തെ അനാവരണം ചെയ്യുന്ന ലേഖനങ്ങൾ സുവനീറിൻ്റെ ഉൾക്കരുത്താണ്.
മുരുകൻ കാട്ടാക്കട, സുഭാഷ് ഒട്ടുംപുറം, സുഹറ കൂട്ടായി, വിജിഷ വിജയൻ, ഇ എൻ ഷീജ തുടങ്ങിയവരുടെ സൃഷ്ടികളും സുവനീറിൻ്റെ തിളക്കമാവുന്നു. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ എം സ്വരാജും ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരിയെ പി നന്ദകുമാർ എംഎൽഎയും അനുസ്മരിക്കുന്നു.
താനൂരിൻ്റെ സമഗ്രമായ രാഷ്ട്രീയ സാംസ്കാരിക ചരിത്രം സുവനീർ അടയാളപ്പെടുത്തുന്നുണ്ട്. സി മോഹനൻ ചെയർമാനും അഡ്വ.രാജേഷ് പുതുക്കാട് കൺവീനറുമായ സുവനീർ സമിതിയാണ് സുവനീർ തയ്യാറാക്കിയത്. മനുവിശ്വനാഥ്, എ. കേശവൻ, രാജൻ തയ്യിൽ, എം വിശ്വനാഥൻ, പി സിറാജ്, ഇ ജയപ്രകാശ്, എം ശ്രീധരൻ, ജിംഷ, നോവൽ മുഹമ്മദ്, കെ രമേശൻ എന്നിവരടങ്ങുന്ന സംഘമാണ് സുവനീറിന് പിന്നിൽ പ്രവർത്തിച്ചത്. എ ജി ശ്രീലാലാണ് കവർ തയ്യാറാക്കിയത്. രതീഷ് രതു, ഷയിൻ താനൂർ എന്നിവരാണ് സുവനീർ രൂപകൽപ്പന ചെയ്തത്.
ഫോട്ടോ: സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം പുറത്തിറക്കിയ സുവനീർ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പാലോളി മുഹമ്മദ്കുട്ടിക്ക് നൽകി പ്രകാശനം ചെയ്യുന്നു.