കോഴിക്കോട് : കടലാക്രമണം ശക്തമായതോടെ തീരദേശവാസികൾ ആശങ്കയിൽ. സൗത്ത് ബീച്ച്, ചാപ്പയിൽ ഭാഗങ്ങളിൽ കടൽക്ഷോഭം മൂലം ശക്തമായ തിരമാലകൾ അടിച്ച് വീടുകളിൽ വെള്ളം കയറി. വെള്ളയിൽ നിറുത്തിയിട്ടിരുന്ന ബോട്ട് കടൽക്ഷോഭം കാരണം തകർന്നു. ഇവിടെ വീടുകളിൽ വെള്ളം കയറുന്നുണ്ട്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
തീരദേശങ്ങളിലെ കടൽഭിത്തികൾ മിക്കതും തകർന്ന അവസ്ഥയിലാണ്. കഴിഞ്ഞ വർഷം തകർന്ന കടൽഭിത്തികളൊന്നും പുനർനിർമ്മിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ തിരയാണ് അടിക്കുന്നത്. കടലാക്രമണം ശക്തമായാൽ വലിയ ദുരന്തമാണ് നേരിടേണ്ടി വരിക. സ്വന്തം വീട്ടിൽ ഭീതിയില്ലാതെ ഉറങ്ങാൻ സൗകര്യമൊരുക്കണമെന്ന് എല്ലാ കാലവർഷക്കാലത്തും അധികാരികളെയും ജനപ്രതിനിധികളെയും അറിയിക്കുന്നുണ്ടെങ്കിലും ഇതുവരെയും പരിഹാരമുണ്ടായിട്ടില്ല.
പുതിയാപ്പ മുതൽ കോതിപ്പാലം വരെ തീരദേശത്ത് ഗാബിയോൺ പദ്ധതി പ്രകാരം കെട്ടിയ കടൽഭിത്തികൾ മിക്ക ഭാഗങ്ങളിലും തകർന്ന അവസ്ഥയിലാണ്. മദ്രാസ് ഐ.ഐ.ടിയുടെ രൂപകൽപ്പനയിൽ കയറുകൊണ്ട് നിർമ്മിച്ച വലയിൽ ഗാബിയോൺസ് കല്ലുകൾ നിറച്ചായിരുന്നു ഭിത്തി കെട്ടിയത്. കയറുകൾ പൊട്ടി കരങ്കല്ലുകളെല്ലാം പലവഴിക്കായി.
ശക്തമായി തിരയടിക്കുമ്പോൾ കടൽഭിത്തിയുള്ള പ്രദേശങ്ങളിൽ പോലും ഭിത്തിക്ക് മുകളിലൂടെ വെള്ളം തീരത്തേക്ക് കയറും. ബേപ്പൂർ, ഗോതീശ്വരം ഭാഗങ്ങളിലെല്ലാം ആശങ്ക ഉയരുന്നുണ്ട്. പയ്യാനക്കൽ, കപ്പക്കൽ, കോയവളപ്പ്, ആനമാട്, ചാമുണ്ടി വളപ്പ് എന്നിവിടങ്ങളിലെല്ലാം തീരദേശവാസികൾ ആശങ്കയിലാണ്. ശക്തമായ കാറ്റിലും മഴയിലും വെള്ളംകയറി വീടുകൾ തകരുന്ന സാഹചര്യമാണിപ്പോൾ.
ഭട്ട് റോഡ് ബീച്ചിൽ കഴിഞ്ഞ വർഷം കടലാക്രമണത്തിൽ തകർന്ന ഭാഗങ്ങളിലൊന്നും ഇതുവരെ പുനർ നിർമ്മാണം ഉണ്ടായിട്ടില്ല. പാർക്കിൽ സ്ഥാപിച്ച വൈദ്യുത വിളക്കുകൾ ഉൾപ്പെടെ നിലംപൊത്തിയ അവസ്ഥയിൽ തുടരുകയാണ്. പാർക്കിനരികിലെ കരിങ്കൽഭിത്തിയും നിലത്ത് വിരിച്ച ഇന്റർലോക്കുകളുമെല്ലാം തകർന്ന് കിടക്കുകയാണ്.
വെള്ളയിൽ ഫിഷിംഗ് ഹാർബറിൽ നിർത്തിയിട്ടിരുന്ന വള്ളം കാറ്റിലും കടലാക്രമണത്തിലും തകർന്നു. തോപ്പയിൽ സ്വദേശികളായ ഹനീഫയുടെയും ഷിഹാബിന്റെയും ഉടമസ്ഥതയിലുള്ള മദ്ഹ് വള്ളമാണ് മറിഞ്ഞത്. മത്സ്യ ബന്ധന ഉപകരണങ്ങൾ ഉൾപ്പെടെ ഉപയോഗ ശൂന്യമായി. ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി തൊഴിലാളികൾ പറഞ്ഞു. ഇന്നലെ പുലർച്ചെയുണ്ടായ കാറ്റിലാണ് വള്ളം തകർന്നത്. മത്സ്യ ബന്ധനം കഴിഞ്ഞ് ഹാർബറിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു വള്ളം. ഇരുമ്പ് ദണ്ഡിനോട് കെട്ടിയിട്ട വള്ളം ചുഴയിലിൽ മറിയുകയായിരുന്നു. സമീപത്തായി മറ്റു വള്ളങ്ങളുണ്ടായിരുന്നെങ്കിലും ഈ വള്ളം മാത്രമാണ് തകർന്നത്.