മേപ്പാടി : വയനാടിനെ കണ്ണീരിലാഴ്ത്തിയ ഉരുള്‍പൊട്ടലില്‍ ഇതുവരെ 282 മരണം റിപ്പോർട്ട് ചെയ്തു. 195 പേർ ചികിത്സയിലാണ്. 250 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇതുവരെ കണ്ടെത്തിയത് 127 മൃതദേഹങ്ങളാണ്. മുണ്ടക്കൈ പുഴയില്‍ കുത്തൊഴുക്കാണ്. ജലനിരപ്പുയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചു. 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 8107 പേർ ദുരിതാശ്വാസ ക്യാംപുകളിലാണ്.
സൈന്യം ചൊവ്വാഴ്ച താല്കാലികമായി തയാറാക്കിയ നടപ്പാലം ഇന്നലെ വെള്ളത്തിൽ മുങ്ങി. ഇതോടെ നിര്‍ത്തിവച്ച ബെയ്‍ലി പാലത്തിന്‍റെ നിര്‍മാണം വീണ്ടും തുടങ്ങി. രാത്രി വൈകിയും പാലം ഒരുക്കുന്ന തിരക്കിലാണ് കരസേനയുടെ അംഗങ്ങൾ. പാലം ഇന്നത്തെ രക്ഷാപ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകും. ഇന്ന് രാവിലെയോടെ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. പണി പൂർത്തീകരിച്ചാൽ ജെസിബി വരെയുള്ള വാഹനങ്ങൾ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും. ഇന്ന് മണ്ണിനടിയിൽ അകപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിലും തുടങ്ങും.
ഇതിനിടെ ഉരുള്‍പൊട്ടലിനെക്കുറിച്ച് കേരളത്തിന് രണ്ടുതവണ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു. നടപടിയെടുത്തിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. കേരള സര്‍ക്കാര്‍ എന്തുചെയ്തെന്നും എന്തുകൊണ്ട് ജനങ്ങളെ മാറ്റിയില്ലെന്നും അമിത് ഷാ ചോദിച്ചു.
അമിത്ഷാ പാര്‍ലമെന്‍റില്‍ പറഞ്ഞത് വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നൽകി. ദുരന്തത്തിനുമുന്‍പ് വയനാട്ടില്‍ റെഡ് അലര്‍ട്ട് കിട്ടിയിരുന്നില്ല. 29ന് ഉച്ചയ്ക്ക് നല്‍കിയ അലര്‍ട്ടില്‍ പോലും ഓറഞ്ച് അലര്‍ട്ട് മാത്രം. ദുരന്തം ഉണ്ടായശേഷമാണ് റെഡ് അലര്‍ട്ട് നല്‍കിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.